Wednesday, January 21, 2009

സ്വപ്നം


ലോകം മുഴുവന്‍ തന്റെ മുമ്പില്‍ നമിക്കുന്ന ദിവസം
സ്വപ്നം
കണ്ട്
അവള്‍ പൊട്ടക്കിണറ്റില്‍ ചുരുണ്ടുകിടന്നു.
ഒരു നാള്‍ അവളുടെ സ്വപ്നം ഫലിച്ചു.
ചുണ്ടില്‍ മുറി ബീഡിയും കയ്യില്‍ നീണ്ട വടിയും
റാന്തല്‍വിളക്കുമായി അവന്‍ അവളെ ക്ഷണിക്കാനെത്തി.
അയാള്‍ നീട്ടിയ വടിയിലൂടെ അവള്‍ അദ്ഭുത ലോകത്തേക്ക് പിടിച്ചുകയറി.
ഒട്ടും വേദനിപ്പിക്കാതെ അയാള്‍ അവളുടെ ഉടല്‍ രണ്ടായി പകുത്തു.
ഏഴ് കടലും കടന്നു അവള്‍ ലോകത്തിന്റെ തീന്‍ മേശയില്‍,
മസാലയില്‍
കുളിച്ച് ..............................
മൊരിഞ്ഞ്......................


അവളുടെ മുഴുത്ത ശരീരത്തിന്റെ അവകാശം ആര്‍ക്കെന്ന തര്‍ക്കത്തിലായിരുന്നു
ലോകം
അപ്പോള്‍.

Monday, January 5, 2009

ഉത്തരവാദിത്തമുള്ള ജോലി

കൊല്ലലാണോ ചാകലാണോ
കൂടുതല്‍ ഉത്തരവാദിത്തമുള്ള ജോലി?

എനിക്ക് തോന്നുന്നു ആദ്യത്തേതാണെന്ന്.
ചാകുന്നവന് മുന്‍പിന്‍ നോക്കേണ്ട കാര്യമില്ല
ദിവസം കാത്തിരുന്നാല്‍ മതിയാകും
ഇനി കാത്തിരുന്നില്ലെങ്ങിലും ചത്തോളും.

കൊല്ലുന്നവന്റെ കാര്യം ഇങ്ങനാണോ?
എന്തൊക്കെ നോക്കണം.
ചത്തെന്നു ഉറപ്പിക്കണം
പകവീട്ടാന്‍ കുടുംബത്തില്‍ നിന്നു
ആരും വരാത്ത മട്ടില്‍ ഒതുക്കണം.
കൊല്ലാന്‍ നിയമിച്ച യജമാനനെ
തിരിഞ്ഞു കുത്തിയെക്കാവുന്ന കൂട്ടാളിയെ
ഒക്കെ സംശയിക്കണം.

പിന്നെ,
ചാകുന്നവന്റെ അവസാനത്തെ നോട്ടവും പിടച്ചിലും.
അതങ്ങനെ മനസ്സില്‍ തേട്ടി തേട്ടി വരും
മരണത്തിന്റെ ചൂണ്ടു പലകയായി.

ചാകുന്നവന്റെ ഭയം മരണത്തോടെ തീരുമ്പോള്‍
കൊലയാളിയുടെത് തുടങ്ങുന്നതേയുള്ളൂ.

ഉത്തരവാദിത്തമില്ലാതെ മരിച്ചുവീഴുന്ന അനേകര്‍ക്ക്‌ സമര്‍പ്പിക്കുന്നു.