Friday, November 28, 2008

ചിപ്പിയും മണല്‍തരിയും

സുന്ദരീ!!!!!!!!

പുറന്തോടിന്റെ സുരക്ഷയില്‍

വിശ്വസിച്ചു മയങ്ങിയ ചിപ്പിയുടെ

സ്വസ്ഥതയിലേക്ക് നുഴഞ്ഞെത്തിയ

മണല്‍തരിയുടെ മേല്‍

പാവം ചിപ്പി ചൊരിഞ്ഞ

പ്രാക്കും ശകാരവും കണ്ണീരുമാണ്

നിന്റെ കാതില്‍ തൂങ്ങിയാടുന്ന

മുത്തുകമ്മലുകള്‍ എന്നെ ഓര്‍മിപ്പിക്കുന്നത്‌.

Saturday, November 15, 2008

ഓന്ത് / ബ്ലോഗര്‍

ഓന്ത് ബ്ലോഗ് തുടങ്ങി.

പോസ്റ്റുകള്‍ ഇട്ടു കാത്തിരിന്നു.

ആരും 'ക മൈന്റ് ' ചെയ്യുന്നില്ല.

ഓന്തിനു ആധിയായി.

അത്രയ്ക്ക് ചവറാണോ എന്റെ സൃഷ്ടികള്‍?

വഴിയുണ്ട്, വേറെ പേരില്‍ ഒരു ബ്ലോഗു കൂടി തുടങ്ങാം.

അങ്ങോട്ടുമിങ്ങോടും കമന്റ് ചെയ്തു, "ഹാ എന്തൊരു ക്രിയേറ്റിവിറ്റി!"

കാലം കുറെ കഴിഞ്ഞു . പോസ്റ്റുകള്‍ വളര്‍ന്നു, ഒപ്പം കമന്റുകളും.

ഇപ്പോള്‍ ഓന്തിനു സംശയം,

ഞാന്‍ ആണോ അവന്‍ ആണോ ശരിക്കുള്ള ' ഞാന്‍ '

Thursday, November 13, 2008

ഓന്ത് / ഓട്ടക്കാരന്‍

ഓന്ത് പിന്നെയും ഓടി.

എന്തായിരുന്നു ഓട്ടത്തിന്റെ ഉദ്ദേശം?

ആ?

മടങ്ങി വന്നിട്ട് ചോദിക്കാം

എപ്പോ വരും?

ഓ ! പറയാന്‍ വിട്ടു പോയി. ഓന്തു വരാന്‍ താമസിക്കും .

എത്രയെത്ര വേലികളാ? എല്ലായിടത്തും നിന്നിട്ട് വേണ്ടേ വരാന്‍ .

ഓന്ത്/തീവ്രവാദി

"നമുക്ക് തീവ്രവാദം കളിക്കാം"

"ആരെ കൊല്ലും"

"ഉറുമ്പിനെ"

"ഛെ! ഇര പോര"

"കോഴി"

" അത് വേണ്ട. മുട്ടക്കെന്തു ചെയ്യും? നമുക്ക് ഒമ്ലെറ്റ് അടിക്കാനുള്ളതല്ലേ"

"ഓന്ത് മതിയോ?

"ബെസ്റ്റ്. കിട്ടാനും വിഷമമില്ല"

അവര്‍ ഓന്തിനെ തേടി നടന്നു. നിറം മാറി അവരുടെ കൂടെ ഓന്തും ഉണ്ടായിരുന്നു.

Wednesday, November 12, 2008

ശല്ല്യം

"ഓ ഈ മുള വലിയ ശല്യമായല്ലോ . എത്രയെന്നു വെച്ചാ മുറ്റം തൂക്കുക?
മുറിച്ചു കളയനോക്കുമോ വല്ലവന്റെ തൊടിയിലല്ലേ?"

അവളുടെ പറച്ചില്‍ കുറെ നേരം നില്ക്കും. പറഞ്ഞു മടുത്താല്‍ നിര്‍ത്തിയേക്കും. അങ്ങോട്ട് പോണ്ട . അങ്ങേലെ പറമ്പ് കാരനോട് മുള മുറിക്കാന്‍ പറയണമെന്ന് വീട് താമസിച്ച അന്ന് തൊട്ടു പറയാന്‍ തുടങ്ങിയതാണ്‌ അവള്‍ . എങ്ങിനെയാണ്‌ ഒരു പരിചയവുമില്ലാത്ത ആളോടു പോയി അയാളുടെ പറമ്പിന്റെ കാര്യങ്ങള്‍ പറയുക? ഈ കഴുതക്ക് അടുക്കലയിലിരുന്നു നോടിഞ്ഞാല്‍ മതിയല്ലോ? ആള്‍ക്കാരുടെ മുഖത്ത് നോക്കേണ്ടത്‌ ഞാനല്ലേ?

പത്തു സെന്റ് വേണം. അതും ടൌണിന്റെ അടുത്ത് തന്നെ. ഒത്തു വന്നതിവിടെയാണ്. ബസ്സ് ഇറങ്ങി പത്തു മിനിട്ട് നടക്കണം. എന്തെങ്ങിലുമാവട്ടെ. വീട് വെച്ചു. അടുത്തൊന്നും താമസക്കരില്ല. ഒഴിഞ്ഞ ഭൂമി. വീടുകള്‍ വന്നിട്ട് വേണം . ഒച്ചയും അനക്കവുമില്ലാതെ എങ്ങിനെ കഴിയും?

വീടിനു പുറകിലുള്ള മുളങ്കടാണ് ആകെ ആശ്വാസം. മുളകളുടെയും കിളികളുടെയും കലപില. കാറ്റടിച്ചാല്‍ പറയണ്ട. എല്ലാം കൂടെ ആര്‍ത്തു വിളിച്ചു ബഹളം തന്നെ.

ഒരു ദിവസം ഓഫിസ് വിട്ടു വന്ന പാടു അവള്‍ ഓടി വന്നു. പതിവില്ലാത്ത സന്തോഷം മുഖത്ത്. പിന്നിലെ പറമ്പ് വിറ്റു പോയത്രെ. വീട് പണിയാനാണ് പോലും. അവളുടെ വാക്കുകളില്‍ അയല്‍ വാസികള്‍ വരുന്ന സന്തോഷം. പകലത്തെ മുഷിപ്പിനു അറുതിയയല്ലോ.

പിറ്റേന്ന് രാവിലെ ഇറങ്ങുമ്പോഴേ കണ്ടു നീണ്ട തോട്ടിക്കത്തി പിടിച്ച രണ്ടാളുകള്‍.

തിരിഞ്ഞു നോക്കാതെ നടന്നു. പുറകില്‍ ചൂളമടിച്ചു ആരോ വിളിക്കുന്ന പോലെ . അതോ അടക്കിപ്പിടിച്ച നിലവിളിയാണോ?

Tuesday, November 11, 2008

യാത്ര

കഥയുടെ കൈ പിടിച്ചു ഞാന്‍ നടന്നു. മുള്ളിലും മുരടിലും കാലിടറാതെ അടിവെച്ചു അടിവെച്ചു മെല്ല്ലേ മുന്നോട്ട്. സ്വപ്നത്തിന്റെ ഭ്രാന്തിന്റെ മറവിയുടെ കരകളിലൂടെ അന്തമില്ലാത്ത ഏതോ ലോകത്തേക്ക്. ആരൊക്കെയോ തുറന്നിട്ട കിളിവാതിലിലൂടെ എന്നെ നോക്കുന്നുണ്ടായിരുന്നു. കൈമാടി കൈമാടി അവര്‍ എന്നെ വിളിച്ചുകൊണ്ടെയിരുന്നു. എല്ലാവര്‍ക്കുമുണ്ട് ഒരു നൂറു നൂറു വിശേഷങ്ങള്‍. എല്ലായിടത്തും കയറണം . എല്ലാവരെയും കാണണം.